Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, 21 April 2016

!!!

കവിത

ബല്യബല്യ ചെവികള്‍
ബിത്തിയില്‍ നിന്ന് മൊളച്ചുവരണു...
 അതാ ബഷീറക്കാണ്റ്റെ മൂക്കും
നീണ്ട്ടക്കണൂ...
ചെവി പൊളിച്ച്‌,കണ്ണൊറന്ന്
 ഞാനും മിയിച്ചിരുന്നു.
 ബായില്വ്‌ ബെള്ളൊഴിച്ച്‌
ചിറി തുന്നിക്കൂട്ടി
മിയിച്ച്‌ മിയിച്ചിരുന്നു.
ചത്ത ശവത്തിണ്റ്റെ കൂട്ടിരിപ്പുകാരനായ
 വാക്ക്‌
 മനം തികട്ടി,തല തെറിച്ച്‌
 വിഴുങ്ങിയതൊക്കെ
പുറത്തിട്ടു.
പുറത്തുചാടിയ തക്കം
വാക്കുകളൊക്കെ ഉരുണ്ടുരുണ്ടുപോയി...
വാക്കും നോക്കും ഒഴുകിപ്പോയി-
 ബാക്കിയായ മനസിനൊരു
 തൂക്കുകയറ്‍!

Monday, 18 April 2016

ഒരു വേനൽ വറുതിയിൽ...

കവിത

എന്റെ കവിതകളിൽ
പ്രണയമില്ലെന്ന്,
പൂത്ത അശോകങ്ങളും
ചിതറിയ കുരങ്ങന്മെയിലാഞ്ചി-
മണികളുമില്ലെന്നു
പറഞ്ഞ്‌
അവൾ
ചാഞ്ഞിരുന്നു.
വരികളിലെ
വേനലും വെയിലും
അവളുടെ ആലസ്യത്തിലേക്കും
നടുനീർക്കുന്നുവോ?

അതോ
വിളറിവീണ വെയിൽത്തടങ്ങളെ
ഏറ്റുവാങ്ങിക്കിതക്കുന്ന
മണ്ണിന്റെ
വിമ്മിട്ടം
എന്നിലേക്കും
പടർന്നുകയറുകയാണോ...?

ഏപ്രിലിന്റെ
നെഞ്ചുരുക്കം
കണിക്കൊന്നപ്പൂക്കാലത്തിനു
വേണ്ടിയാണെന്ന്
ഞാൻ
വ്യഥാ പറഞ്ഞുകൊണ്ടിരുന്നു...

നിറഞ്ഞ പുഴക്കാലങ്ങളുടെ
ഗർഭത്തിൽ നിന്നു
വന്നവളേ,
മഥുരാപുരിയിലെ
കാമുകനെത്തേടി
അലഞ്ഞവളേ...,
ഇരുണ്ട
വനാന്തരത്തിൽ
ഓരോ വിത്തിനായി
ഞാൻ
അലയുമ്പോഴും
പകലിരവുകളറിയാതെ
നീ
ആണ്ടുമയങ്ങുകയായിരുന്നല്ലോ...