Friday, 29 April 2016

ഔതയുടെ കെട്ടിടത്തിലെ ചിലന്തിവല

കഥ

(മുഖമൊഴി:എന്റെ അനിയൻ സ്കൂൾതലത്തിൽ എഴുതിയ കഥയാണിത്‌.എഴുത്തും വരയുമെല്ലാം വഴിയിൽ ഉപേക്ഷിച്ചുപോകുന്ന അവന്റെ ഈ കഥ എന്റെ ഡയറിത്താളുകൾക്കുള്ളിൽ സത്യാഗ്രഹമിരിപ്പു തുടങ്ങിയിട്ട്‌ വർഷങ്ങളായി.ഇന്ന് ഞാൻ ഈ കഥയെ,ഒപ്പം കഥാകാരനെയും മോചിപ്പിക്കുന്നു.)

രണ്ടുനിലയുള്ള ഔതയുടെ ഇടിഞ്ഞ കോട്ടേഴ്സിൽ നിന്നയാൾ ഇറങ്ങിയപ്പോൾ ആരും അയാളെ കാത്തിരുന്നില്ല.ഒരു നല്ല റോഡും ഒട്ടനേകം പോക്കറ്റു റോഡുകളും ഉള്ള ആ വഴിയിലൂടെ അയാൾ നടന്നു.18-ആംനൂറ്റാണ്ടിന്റെ ഇരുണ്ട പ്രേതങ്ങൾ അയാൾക്കിരുവശവും ഇടിഞ്ഞു വീഴാറായി നിന്നിരുന്നു.തിരിച്ചറിയൽ കാർഡ്‌ അയാളെ രവിശങ്കർ എന്ന് വിളിച്ചതിനാൽ അയാൾ രവിയായി.

മാറിമാറി വരുന്ന എല്ലാ നിറങ്ങൾക്കും ഒരേ നിറമാണെന്ന് അയാൾ പണ്ടേ തിരിച്ചറിഞ്ഞിരുന്നു.പുകയുന്ന മനസുകൾ പോലെ ആരെയോ പേടിപ്പിക്കുന്ന കെട്ടിടങ്ങൾ!ആഢംഭരഹോട്ടലിലെ വെകിളി പിടിപ്പിക്കുന്ന കാഴ്ച്ചകൾ!ഒടുവിൽ ഹോട്ടലുടമയുടെ പുളിച്ച തെറിയും.ഈ കാണുന്ന കമ്പനികളിലൊന്നിൽ ജോലി തീർത്ത്‌ മടങ്ങിവരാനുള്ളതല്ല അയാളുടെ ജീവിതം.പുതുമയില്ലാത്ത ഇരുണ്ട നിറങ്ങൾ അയാളെ വലയം ചെയ്തിട്ട്‌ നാളു കുറെയേറെയായി.രണ്ടു ദിവസമായി ഒരു ഞാഞ്ഞൂലു പയ്യൻ അയാളെ തടഞ്ഞു നിർത്തി ചിരിക്കുന്നു.ഇന്നവൻ പുറകെ വരുവാനാംഗ്യം കാട്ടി.എന്തോ അയാളത്‌ അനുസരിച്ചു.നടക്കുന്നതിനിടയിൽ ചോദിച്ചു:"എന്തൂട്ടാ എന്റെ മാഷേ ഇങ്ങളീടെ കറങ്ങുന്നത്‌?ഇങ്ങടെ വല്ലോം കാണാണ്ടായ?"
   "ഇല്ല"
ഒറ്റവാക്കിലയാൾ തീർത്തു.അവൻ ചെന്നു നിന്നത്‌ ഏതോ മാളത്തിലുള്ള ചാരായഷാപ്പിലാണ്വ്‌.
" ഇങ്ങൾ കറങ്ങണത്‌ കണ്ടപ്പഴേ എനക്ക്‌ തിരിഞ്ഞ്‌."
"ഇബ്ടിരി" എന്നു പറഞ്ഞ്‌ അവൻ ഉള്ളിൽപ്പോയി.

അയാൾ പിന്നെയും ചിന്തക്ക്‌ തീ പിടിപ്പിച്ചു.'ചക്ഷുശ്രവണഗളസ്തമാം...'എന്നു തുടങ്ങുന്ന എഴുത്തച്ഛന്റെ വരികളിലാണ്വ്‌ അയാളുടെ ജീവിതം തുടങ്ങിയതെന്നു പറയം.അവൾ;തന്റെ ജീവിതത്തിന്റെ പടികൾ ചവിട്ടി ഒടിച്ചവൾ!

ഏതോ ഒരുൾനാടൻ മൺപാതയിലെ കടക്കണ്ണുകൾ സംസാരിച്ചതായിരുന്നില്ല അത്‌.ഗാഢസൾഫൂരിക്കാസിഡിന്റെ പ്രഹരശേഷിയുള്ള പ്രണയമായിരുന്നു അതെന്ന് നാട്ടുകാർക്ക്‌ മനസിലായത്‌ രവി നാടുവിട്ട അന്നാണ്വ്‌.തനിക്കു താഴെയുള്ള രണ്ടു പെൺകുട്ടികളെ അയാൾ ഓർത്തിരുന്നില്ല എന്നു പറഞ്ഞാൽ അവർക്കെന്തുകൊണ്ട്‌ അയാളെ ഓർത്തുകൂട എന്നും പറയാം.

ജീവിതത്തിന്റെ കുത്തൊഴുക്കോ മലവെള്ളപ്പാച്ചിലോ ഒന്നും പറയാൻ മാത്രം സംഭവബഹുലമായതൊന്നും തന്നെ അയാളുടെ ജീവിതത്തിലില്ല.അയാൾ ഒരു പെൺകുട്ടിയെ സ്നേഹിച്ചു.അവൾ അവനെ പറ്റിച്ചു.അതിന്വ്‌ നാടു വിടേണ്ട കാര്യമുണ്ടോ?അവളുടെ മെടഞ്ഞ മുടിയും നനഞ്ഞ ചിരിയും മറക്കാൻ പറ്റില്ലെങ്കിൽ അയാൾ വിഡ്ഢിയാണ്വ്‌.നാടുവിട്ടവൻ പട്ടണത്തിലെത്തി.

എല്ലാ പട്ടണങ്ങളും അയാളെ കബളിപ്പിച്ചു.തൊഴിലാളി നേതാക്കന്മാരും സിനിമാതാരങ്ങളും കള്ളുകച്ചവടക്കാരും ഭരിക്കുന്ന അവിടെ ഒരു പെൺകുട്ടിയെക്കുറിച്ച്‌ പറയാൻ അയാൾ ഭയന്നു.ഒന്നും വെട്ടിപ്പിടിക്കാനില്ലാത്ത അയാളെന്തിനു ജീവിക്കണം.അതെ;അതിനു തന്നെയാണയാൾ ഇറങ്ങിയത്‌.നഷ്ടപ്പെട്ട തന്റെ കാമുകിയെക്കുറിച്ചോർത്തോ തന്റെ പരാജയങ്ങൾ കണ്ടോ അല്ല അയാൾ മരിക്കാൻ തീരുമാനിച്ചത്‌.പ്രത്യേകിച്ചൊന്നും ചെയ്യനില്ലാത്തതുകൊണ്ടാണയാൾ ആ വഴി ചിന്തിച്ചത്‌.ഓരോ ദിവസവും ഒന്നും ചെയ്യാതെ ദൈർഗ്ഘ്യമേറുകയാണ്വ്‌.സിനിമയും പാട്ടും കൂത്തും ഒന്നും തന്നെ സമയം തീർക്കുന്നില്ല.

"എന്താ മാഷേ,ഇങ്ങൾ പിന്നേം ദുബായിമ്മ പോയോ?" എന്നു ചോദിച്ചുകൊണ്ടാണ്വ്‌ ആ പയ്യൻ വന്നത്‌.കൈയ്യിൽ ഒരു കുപ്പി കള്ളും ഉണ്ട്‌.രണ്ടു ഗ്ലാസിൽ അതൊഴിച്ചുകൊണ്ടവൻ പറഞ്ഞു:"മാണിച്ചൻ വാറ്റിയത്‌ ഞാമ്പറഞ്ഞെടുപ്പിച്ചതാ.ഉശിരനാ...തല പെരുക്കണേ പിന്നൊന്നും വേണ്ട.അതു പോട്ടെ.ഇങ്ങളാരാ?ഇങ്ങക്കെന്താ വേണ്ടത്‌?" അയാൾ അത്‌ ശ്രദ്ധിച്ചതായിപ്പോലും ഗണിച്ചില്ല.അവൻ ഗൂഢമായി ചിരിച്ചു.
"ഓ ഇങ്ങൾ ചാവാൻ വന്നതാണല്ലേ?"
തന്റെ മനസിലിരുപ്പ്‌ തുരന്നു കണ്ടുപിടിച്ച അവനെ രവി വല്ലാണ്ട്‌ നോക്കി.ഒരു ഗ്ലാസ്‌ കുടിക്കാൻ വന്ന അയാൾ ആ ചോദ്യത്തിലടിതെറ്റി ഒരു കുപ്പി കുടിച്ചു.പയ്യൻ അയാളെ താങ്ങിപ്പിടിച്ച്‌ നടക്കാൻ തുടങ്ങി.

പയ്യൻ പറഞ്ഞത്‌ നേരാണെന്നയാൾക്കു തോന്നി.കാലു തണുത്തെങ്കിലും ചിന്തയ്ക്ക്‌ ചൂടു പിടിക്കാൻ തുടങ്ങി.തന്റെ നഗരത്തിലെ ആദ്യകാലാനുഭവങ്ങൾ അയാളെ പാമ്പിനെപ്പോലെ കൊത്താൻ തുടങ്ങി.മൺപാതയിൽ നോട്ടുബുക്കുകൾ അടുക്കിപ്പിടിച്ച്‌ പ്രണയിച്ച അയാളെ ബൈക്കിന്റെ ഹുങ്കാരശബ്ദങ്ങളാട്ടിയോടിച്ചു.മൂസ്സാസേട്ട്‌ മുതലാളിയുടെ ഓട്ട്‌ കമ്പനിയിലെ പുകയടിച്ച്‌ ചുവന്ന സൂര്യൻ കരുവാളിച്ചു.കഴുകൻ കണ്ണുകളുമായി പറക്കുന്ന ഏജന്റുമാർ അയാളെ വട്ടമിട്ടു പറന്നു.

"ഇങ്ങടെ സ്ഥലമെത്തി"-പയ്യൻ വിളിച്ചു പറഞ്ഞു.ആ ഗുഡ്‌ നൈറ്റ്‌...അയാൾ പറഞ്ഞ്‌ വലിഞ്ഞ്‌ കട്ടിലിൽ കയറി ഉറങ്ങാനാരംഭിച്ചു.സ്വപ്നത്തിന്റെ വാതിൽ തുറന്നവൻ അകത്തു കയറി.അവിടെ ഒത്തിരി നസീറുമാരും സത്യന്മാരും ഉണ്ടായിരുന്നു.എന്നാൽ അവനെപ്പോലൊരുവനെ എങ്ങും കണ്ടില്ല.അവിടെ പാനപാത്രവും പിടിച്ച്‌ ക്ലിയോപാട്രയും നിൽപ്പുണ്ടായിരുന്നു.യേശു മരത്തണലിലിരുന്ന് തന്റെ ഒറ്റാത്ത ശിഷ്യന്മാർക്ക്‌ പ്രബോധനം നൽകുന്നുണ്ടായിരുന്നു.ബ്രൂട്ടസ്‌ തന്റെ ചോരപ്പാട്‌ മായിക്കാൻ എക്സോ സോപ്പ്‌ പതപ്പിക്കുന്നുണ്ടായിരുന്നു.അയാൾക്കു പിറകിലെ പഴക്കടയിൽ നിന്ന് യൂദാസ്‌ മുപ്പതു വെള്ളിക്കാശിനു ഒരു കിലോ ആപ്പിൾ വാങ്ങുന്നുണ്ടായിരുന്നു.കള്ളിയങ്കാട്ടു നീലിയും കത്തനാരച്ചനും ഉലാത്തുന്നതു കണ്ടു.ഇതെല്ലാം കണ്ട്‌ ഭ്രാന്ത്‌ പിടിച്ചവൻ ഓടാൻ തുടങ്ങി.ഇതുകണ്ട്‌ സത്യനും നസീറും കള്ളിയങ്കാട്ടുനീലിയും എല്ലാവരും കൂടിയവനെ വലിഞ്ഞു മുറുക്കി.

പെട്ടെന്നവൻ കണ്ണു തുറന്നു.ഭിത്തിയിൽ അവനഭിമുഖമായി ഔതയുടെ കെട്ടിടത്തിലെ ചിലന്തിവലയിൽ ഒരു പ്രാണി പിടയുന്നുണ്ടായിരുന്നു.അയാൾ ചാടി ഇറങ്ങി;ഓടാൻ തുടങ്ങി.

നാലു വഴികളും അയാൾക്കു മുന്നിൽ തെളിഞ്ഞു.അവിടെ കണ്ട മനുഷ്യനോടയാൾ ചോദിച്ചു:"ചെർപ്പുളശ്ശേരിക്കുള്ള വഴി എങ്ങട്ടാ?" ആ മനുഷ്യൻ ചോദിച്ചു:"അവിടെ ആരാ ഉള്ളത്‌?എന്താ പറ്റ്യത്‌?"
" അവിടെ എന്റെ വീടുണ്ട്‌.മരിച്ചുപോയ എന്റെ ആത്മാവും.പറയൂ,എന്റെ വീട്ടിലേക്കുള്ള വഴി ഏതാണ്വ്‌? ഞാനെന്റെ ആത്മാവിനെ അടക്കം ചെയ്യട്ടെ.അല്ലെങ്കിൽ അവരതിനെ പിച്ചിച്ചീന്തും.പറയൂ,ചെർപ്പുളശ്ശേരിക്കുള്ള വഴി?"

Dilshad Shaji
(2010 October)

No comments:

Post a Comment