Saturday, 23 April 2016

കുട്ടിയപ്പന്റെ 'ലീലാവിലാസങ്ങൾ...'!

'ലീല' ഒരു 'എ ക്ലാസ്‌' പടമാണെന്ന ടിക്കറ്റ്‌ കൗണ്ടറിലെ ചേട്ടന്റെ നിരീക്ഷണം കേട്ടപ്പോൾ സത്യത്തിൽ ഒന്ന് പകച്ചുപോയി.പെൺപിള്ളേർക്കൊന്നും കാണാൻ പറ്റില്ലത്രെ...വേറെ വല്ല പടത്തിനും കേറെന്ന് അങ്ങേരുടെ സദുപദേശം.കുട്ടിയപ്പനെ അങ്ങ്‌ വല്ലാതെ ഇഷ്ടപ്പെട്ടുപോയതുകൊണ്ട്‌ ഒടുവിൽ രണ്ടും കൽപ്പിച്ച്‌ തിയേറ്ററിന്റെ ഇരുട്ടിലേക്കും കുട്ടിയപ്പന്റെ തോന്ന്യാസങ്ങളുടെ ലോകത്തേക്കും...

കഥ സിനിമ ആയപ്പോൾ ഇടർച്ചകളും ചോർച്ചകളും സംഭവിച്ചിട്ടില്ല.തിരക്കഥയുടെ ബലത്തിനു വേണ്ടി ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടെന്നു മാത്രം.കാസ്റ്റിഗ്‌ എടുത്തുപറയത്തക്കതാണ്വ്‌.എല്ലാവരും അവരവരുടെ റോളിൽ മികച്ചുനിന്നു.കുട്ടിയപ്പൻ ബിജു മേനോനിൽ ഭദ്രം.കുട്ടിയപ്പന്റെ തോന്ന്യാസങ്ങൾക്ക്‌ കുടപിടിക്കുന്ന പിള്ളേച്ചന്റെ റോളിൽ വിജയരാഗവനും നെഗറ്റീവ്‌ റോളിൽ ജഗദീഷും നല്ല അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു.ക്ലൈമാക്സ്‌, കഥ അറിയാവുന്നവനെയും പിടിച്ചുലയ്ക്കും.ക്ലൈമാക്സിൽ കഥയേക്കാൾ സിനിമ കാഴ്ച്ചക്കാരനെ സ്വാധീനിക്കുന്നു.ബിജിപാലിന്റെ ബാഗ്രൗണ്ട്‌ മ്യൂസികും നന്നായിരിക്കുന്നു.

കുട്ടിയപ്പൻ ഒരു ചട്ടക്കൂടിനെ തൃപ്തിപ്പെടുത്താൻ സൃഷ്ടിക്കപ്പെട്ടതല്ല.പക്ഷെ,അയാളുടെ നിലപാടുകളിലെ സൂക്ഷ്മതയും ഹൃദയവിശാലതയും വന്യസൗന്ദര്യവും ചിത്രം കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്‌.

കഥ അറിഞ്ഞുകേറിയവനെയും അറിയാത്തവനെയും ചിത്രം സംതൃപ്തിപ്പെടുത്തുന്നു.നമുക്ക്‌ ഒരു മനോധർമ്മം വേണമെന്ന് മാത്രം.രഞ്ജിത്ത്‌ വിശ്വാസയോഗ്യമായ ഒരു ബ്രാൻഡ്‌ തന്നെ!ഇതൊരു കുടുംബ ചിത്രമോ കംബ്ലീറ്റ്‌ എന്റർറ്റൈനറോ അല്ല.നായകനും വില്ലനും ഇല്ല.കുട്ടിയപ്പനും അയാളുടെ തോന്ന്യാസങ്ങളും മാത്രം!

No comments:

Post a Comment